Tuesday, April 1, 2014

മാര്‍ച്ച്‌


"മനോ"വ്യാപാരത്തിന്റെ
വാര്‍ഷിക കണക്കെടുപ്പില്‍
അഹങ്കാരത്തിന്റെ മൂലക്കുരുവും
ഗര്‍വ്വിന്റെ ജന്നിജ്യരവും
നിലതെറ്റിയ ശ്വാനരോഗവും
ചതിക്കപ്പെട്ട ചിന്തയും
കൂട്ടിനുണ്ടായിരുന്നു

കവിളില്‍ നുള്ളി ആശ്ലേഷിച്ച്‌
കൈകൊടുത്തു  കുശലം പറഞ്ഞ്‌
കാല്‍തൊട്ടുവന്ദിച്ച്‌
കാരണവരെ തോളിലേറ്റിയവര്‍
കരണക്കുറ്റിക്ക് ഒന്നു കൊടുത്ത്‌
കുതികാല്‍വെട്ടും കലയാക്കി
കടകം മറിഞ്ഞു നില്‍ക്കുമ്പോള്‍
കണക്കെടുപ്പിന്‌ എന്തര്‍ത്ഥം

പേരുപോലും സ്വന്തമല്ല?
ഇന്ത്യ എന്റെ രാജ്യമല്ല?
പാകിസ്താനിയാണുപോലും!

ആവനാഴിയില്‍ ഒന്നുമില്ലാതെ
അന്‍പത്തൊന്നു വെട്ടില്‍
ആത്മഹത്യ ചെയ്തവര്‍
അജയ്യനായ എന്നെ നോക്കി
ആത്മാഹൂതിയെന്ന്‌
അലറിവിളിക്കുന്നു.

കടപ്പാടുകള്‍ കൂട്ടി
തെറ്റുകള്‍ കൊണ്ടു ഗുണിച്ച്‌
വിമര്‍ശനങ്ങളാല്‍ ഹരിച്ച്‌
നന്മകള്‍ കുറച്ചാല്‍
ഉത്തരം ശൂന്യമെങ്കില്‍
മനോവ്യാപാരം നഷ്ടമല്ലേ?

മനോവ്യാപാരത്തിന്റെ
നില മാറ്റിയ ബന്ധങ്ങളില്‍
തെറ്റിയ കണക്കു പുസ്തകം പേറി
ജീവിതത്തിന്റെ ബാക്കിയില്‍
എന്നെ ഞാന്‍ തിരയുമ്പോള്‍
ക്രൂശിക്കാന്‍ കുരിശുമായി
നോമ്പു നോല്‍ക്കാത്ത എന്നെ;
നോക്കുന്നു എന്നാരോപിച്ച്‌
കുരിശിലേറ്റുന്നു

ജന്മിത്വം

പുതിയകാലത്തെ നമ്മുടെ നാട്ടില്‍
രണ്ടുതരം ജന്മിത്വം നിലനില്ക്കുന്നു:
ഒന്ന് സാമ്പത്തികമായി,
പിന്നെ രാഷ്ട്രീയമായി.
 

നാടുവാഴി തമ്പ്രാക്കളേക്കാള്‍
മനുഷ്യനു പേടി
രാഷ്ട്രീയ തമ്പ്രാക്കളെയാണ്
ആരും പുറത്തുപറയുന്നില്ല

ഓര്‍മ്മ

കാട്ടുചേന മെഴുക്കുപുരട്ടി
കഴിച്ചിട്ടുണ്ടോ?
ഉച്ചിമുതല്‍ ഉള്ളംകാലുവരെ
കോരിത്തരിച്ചു
നിന്ന ഞാന്‍
മലയാള അധ്യാപകന്‍
ശശികുമാര്‍ സാറിന്റെ ചോദ്യം
അമ്പരത്തോടെയാണു
കേട്ടത്.

സാറിന്റെ ആയുധം
എന്നും കൂര്‍ത്തു മൂര്‍ച്ചയുള്ള
വാക്കുകളായിരുന്നു.

അര്‍ബുദം

ഞാന്‍ ക്ഷീണിച്ചു തുടങ്ങിയത്‌
കൌമാരം മുതലാണെന്ന്‌ അമ്മ.
പക്ഷെ എനിക്കറിയാമായിരുന്നു
അവറ്റകള്‍ എന്നെ കാര്‍ന്നു തുടങ്ങിയത്
ബാല്യം മുതലാണെന്ന്‌.

ഡോക്ടറുടെ കുറിപ്പടിയിലെ
മരുന്നിന്റെ അളവുകളാണ്‌
എന്നെ അക്കം പഠിപ്പിച്ചത്‌.
ഒന്നു വീതം മൂന്നു നേരം
എന്നത്‌ നാലുവയസ്സു മുതല്‍
വായിച്ചുതുടങ്ങിയതാണ്‌

പിന്നെ എല്ലാ കണക്കുകളും
തെറ്റിയത്‌ പെട്ടെന്നായിരുന്നു.
രണ്ടുവീതവും, മൂന്നുവീതവും
പിന്നെപ്പിന്നെ അഞ്ചു വീതവും
പല ഗുളികകള്‍ മാറി മാറി.

ആദ്യമൊക്കെ യാത്ര രസമായിരുന്നു.
ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക്
കണ്ടിട്ടില്ലാത്ത വഴികള്‍
നിരത്തുനിറയെ വാഹനങ്ങള്‍
തിരക്കുള്ള യാത്രക്കാര്‍
വലിയ വലിയ കെട്ടിടങ്ങള്‍
കണ്ണുചിമ്മുന്ന വേഗതയില്‍
വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരം

ദിവസങ്ങള്‍ കഴിയുന്തോറും
യാത്രയുടെ എണ്ണം ഏറിയും
കാഴ്ചയുടെ ദൈര്‍ഘ്യം
കുറഞ്ഞും വന്നു.
ചിത്രശലഭങ്ങളെല്ലാം
ചാരനിറമാകുന്നത് എന്തെന്ന്
അമ്മയോടു ചോദിച്ചു
കാഴ്ചയുടെ വര്‍ണ്ണങ്ങളില്‍
കറുപ്പു മാത്രം ബാക്കിയായി

ആദ്യമൊക്കെ അമ്മയുടെ കൂടെ,
പിന്നെ ഒറ്റക്കായ യാത്രയില്‍
അനേകം കൂട്ടുകാര്‍ ഒപ്പമുണ്ടായിരുന്നു.
ജീവനുള്ളവരായിരുന്ന അവര്‍ക്കിടയില്‍
ജീവനില്ലാത്ത ഞാന്‍ ...
കൂട്ടുകാര്‍ കാര്‍ന്നു തുടങ്ങിയപ്പോള്‍
എതിര്‍ക്കാന്‍ തുനിഞ്ഞില്ല
പക്ഷേ എനിക്കറിയാമായിരുന്നു
അവറ്റകള്‍ പിന്മാറില്ലെന്ന്

ഇപ്പോള്‍ ഞാന്‍ ഒറ്റക്കല്ല
എനിക്കിപ്പോള്‍ ഒത്തിരി കൂട്ടുകാരുണ്ട്
രാംദേവ്, സഹദേവ്, അസംജി, അംരീഷ്
ഇവര്‍ ആരാണെന്നല്ലേ...?
എന്റെ വിവിധ അവയവങള്‍ കാര്‍ന്നുതിന്നുന്ന
ഞണ്ടുകളുടെ പേരുകളാണത്

യാത്ര ഇനിമുതല്‍
മാസത്തിലൊരിക്കലാക്കാമെന്ന്
ഡോക്ടര്‍മാരുടെ പക്ഷം
കുറചുകൂടി നല്ല സേവനത്തിനായി
കൂട്ടുകാരുടെ ചട്ടംകൂട്ടല്‍ നടക്കുന്നു.
ഇനിയിപ്പോള്‍ ഒന്നും വേണ്ട
അവസാന യാത്ര
ഒരിക്കല്‍ മാത്രമല്ലേയുള്ളൂ

ഓര്‍മ്മപ്പെടുത്തല്‍

കാലം കരുതി വചിട്ടുണ്ട്
ഇന്നലത്തെ ആ മുഴിഞ്ഞ കലണ്ടര്‍.
അവിടവിടെ കോറിയിട്ടിട്ടുള്ള
ചില പ്രത്യേക ദിനങ്ങള്‍...
അതിലെ ചില നൊമ്പരങ്ങള്‍ക്കുള്ള
നനുത്ത മറുപടി...

ആത്മഗതം:
നെല്ലു വച്ചിരുന്ന അറയില്‍
പതിരാണു കൂടുതല്‍...
ഇനി അവ വേര്‍തിരിക്കുമ്പോളെക്കും
അടുത്ത കലണ്ടര്‍ സ്ഥാനം പിടിക്കും

കാളകൂടം

എന്റെ ഇടംകൈയ്യുടെ
ചൂണ്ടു വിരലിലേക്ക്
ആദ്യമായി ആ മഷി
പുരട്ടിതന്നത്
നാല്‌ ബിയിലെ
വിമല ടീച്ചറായിരുന്നു

പ്രായപൂര്‍ത്തിയായെന്ന
ചിന്തയും പേറി
പോളിംഗ് ബൂത്ത്
വിട്ടിറങ്ങുമ്പോള്‍
മനസ്സു നിറയെ
വിപ്ലവത്തിന്റെ
കനല്‍വഴികള്‍

വിശപ്പും സമരവുമായി
നാല്‍ക്കവലകളിലും
ഇടവഴികളിലും
വല്ലാതെ ആര്‍ത്തലച്ചും
തൊണ്ടപൊട്ടി ഒച്ചവച്ചും
തീവ്രമായി നിശബ്ദ്മായും
ഒട്ടേറെ ദിനങ്ങള്‍

രാത്രികളില്‍
വെളിച്ചം വിതറുന്ന
തീവ്രചര്‍ച്ചകളും
കോപ്പുകൂട്ടലും
കണക്കു കൂട്ടലുമായി
നേരംവെളുക്കുവോളം
വെള്ളയുടേയും
ചുവപ്പിന്റേയും
മാസ്മരലോകത്ത്‌

ആദ്യവണ്ടി വരുംമുന്പ്
വീടുപറ്റണമെന്ന
സഖാവ് പിള്ളേച്ചന്റെ
കര്‍ശന നിര്‍ദ്ദേശം
പതിവുപോലെ
പെരുവഴിയില്‍
കിടന്നുറങ്ങി തീര്‍ക്കും

മീനമാസത്തിന്റെ
കൊടും ചൂടില്‍നിന്ന്‌
മേടമാസത്തിന്റെ
ഉഷ്ണതിയിലെത്തുമ്പോള്‍
വീണ്ടും ആ മഷിക്കുപ്പി
നാട്ടിലെത്തി

അഞ്ചുവര്‍ഷത്തേക്ക്
ഭാരത ജനതയെ
മയക്കി കിടത്താനുള്ള
കാളകൂടം.
ഇടംകൈയ്യുടെ ചൂണ്ടുവിരലില്‍
നഖത്തിലും തൊലിയിലുമായി
കറുത്തു കിടക്കുന്ന
ഭീകരതാണ്ഡവത്തിനുള്ള
സമ്മതപത്രം.
കാളകൂടം
കാളകൂടം

മുന്നണി മര്യാദകള്‍

ഇടതുപക്ഷമെന്നുംവലതുപക്ഷമെന്നും
രണ്ടെണ്ണം ഇടതുപക്ഷത്ത്!

ഇതിനിടയില്‍,
ഐക്യമുന്നണിയെന്ന
മറുപക്ഷം.

വലതുപക്ഷം എന്ന്
ഇടതുപക്ഷം പറയുന്നവര്‍
ഇടതുപക്ഷത്തോടൊപ്പം
ഇടത്തുതന്നെ.

ഐക്യമില്ലാതെ
ഭരണത്തിന്റെ
മല്‍പ്പിടുത്തത്തില്‍
അവര്‍ വലതുപക്ഷത്തും!

ഇടത്തും, വലത്തും
ഐക്യവുമായി
കാലാകാലം
ചുറ്റിത്തിരിയുന്ന
പാവം മനുഷ്യര്‍!

ലംഘിക്കപ്പെടുന്നത്
മുന്നണി മര്യാദകളോ
മാനുഷികതയോ

മരവിപ്പ്‌

വഴിക്കാഴ്ചയില്‍
ചിലര്‍ക്ക് ബുദ്ധിഭ്രമം,
ചിലര്‍ക്ക് അതിബുദ്ധി.
ഇതിനിടയില്‍ തിങ്ങി
ബുദ്ധിയില്ലാത്ത ഞാന്‍

അവിടെ ആഘ്രോശം
ഇവിടെ ഹര്‍ഷാരവം
തെരുവിന്റെ നടുവില്‍
നിര്‍വികാരയായി അവള്‍

ഇടം കൈയ്യില്‍ കത്തി
വലംകൈയ്യില്‍ പേന
ചിന്തകളില്‍ കനംതൂങ്ങി
വിദൂരമായ മരവിപ്പ്‌

അന്‍പത്തൊന്നക്ഷരങ്ങള്‍
അനായാസം ഗ്രഹിച്ചെടുക്കാന്‍
ഏതു കുട്ടിക്കാണറിയാത്തത്.

ബലിപെരുന്നാള്‍

കേരളത്തിന്റെ കാര്‍ന്നോരുംകൈപിടിച്ച് ഹജ്ജിനെത്തി
തിക്കിതിരക്കാതെ: ആരെയും
തള്ളിമാറ്റാതെ ഒതുങ്ങിനിന്നു.

നേരിന്റെ തൊപ്പിവച്ച്
പോരാളിയുടെ ഇഹ്റം ധരിച്ച്
വീര്യത്തിനെ സംസം കുടിച്ച്
സഫയും താണ്ടി മിനായിലെത്തി.

ബിസ്മില്ലാഹി അല്ലാഹു അക്ബര്‍.
കമ്മ്യൂണിസ്റ്റ് ദൈവങ്ങളെ
മനസ്സില്‍ ധ്യാനിച്ച്
ഒന്നാം നാളിലെ കല്ലെറിഞ്ഞു.

എ ജിയുടെ നിലപാട് വ്യക്തം
ലാവ്‌ലിന്‍ അഴിമതി തന്നെ.

കല്ലെറിഞ്ഞു തിരികെ നടക്കവേ
ചിന്തയില്‍ ആ പ്രകാശഗോപുരം.
കമ്മീഷന്റെ ചിന്തയകറ്റി
ഉത്കണ്ടാകുലനാകാതെ വിശ്രമിച്ചു.

ബിസ്മില്ലാഹി അല്ലാഹു അക്ബര്‍.
മുറുമുറുപ്പുകള്‍ക്കിടെ
രണ്ടാം നാള്‍ കല്ലെറിഞ്ഞു

നിങ്ങള്‍ തോറ്റുകൊടുത്തു,
എന്നെ തോല്‍പ്പിക്കാന്‍; പക്ഷെ
തോറ്റത് ജനങ്ങളാണ്‌

കല്ലുകള്‍ മര്‍മ്മത്തുകൊണ്ടവര്‍
ഞെട്ടിയുണര്‍ന്നു
ഇനിയുള്ള കല്ലുകള്‍
എറിയേണ്ടെന്നു തീരുമാനിച്ചു.
ആരോഗ്യപ്രശ്നത്താല്‍
തവ്വാഫ് ചെയ്യേണ്ട; പകരം
മുട്ടുകുത്തിനിന്നാല്‍ മതിയെന്നായി

പറ്റില്ലെന്നു കാര്‍ന്നോര്‍ക്കു വാശി
ബാക്കിയുള്ള കല്ലുകളെറിയാന്‍
അണികളെ ഏല്‍പ്പിച്ചു,
തവ്വാഫ് ചെയ്യാന്‍ പുറപ്പെട്ടു.

ബലിപെരുന്നാളുകള്‍
ആര്‍ക്കുവേണ്ടിയെന്ന 
ചിന്തയോടെ 

പരിശുദ്ധന്‍

ഗര്‍ഭിണിയാക്കിയതിനു
തെളിവില്ല
എന്നതുകൊണ്ട് 
ഗര്‍ഭം ഇല്ലാതാവുന്നില്ല.
ദിവ്യഗര്‍ഭം പരിശുദ്ധനേയും
അവിഹിത ഗര്‍ഭം
തെമ്മാടിയേയും സൃഷ്ടിക്കും.

"... സത്യമെങ്ങുന്നോ വരുന്നു
വന്ന വഴിക്കതു പോകുന്നു
കാണാത്ത സ്വര്‍ണ്ണ ചിറകുകള്‍ തേടി..."
വയലാര്‍-